വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കര്‍ശന നിയന്ത്രണവുമായി കുവൈത്ത്

കുവൈത്ത്: കുവൈത്തില്‍ ഗതാഗത നിയമം നവീകരിക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കര്‍ശനമായ നിബന്ധനകള്‍ പ്രാബല്യത്തിലായി.

വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതായും, പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ചു ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായഖാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

വാഹനം വാങ്ങിയ ആള്‍ പണം കൈമാറിയതായി പരിശോധിച്ചു ഉറപ്പ് വരുത്തിയ ശേഷമേ ഉടമസ്ഥാവകാശം മാറ്റിനല്‍കാവു എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വാഹനം വാങ്ങിയ ആള്‍ വില്പന നടത്തിയ ആള്‍ക്ക് നല്‍കിയ പണമിടപാട് സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് കൂടി ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അടുത്തിടെയായി രാജ്യത്ത് ആഡംബര വാഹന വില്‍പനയുടെ മറവില്‍പണം വെളുപ്പിക്കല്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കിയത്.

 

Top