കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബിരുദമില്ലാത്ത അറുപതു വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം ഉടന്‍ തന്നെ റദ്ദാക്കിയേക്കും. മന്ത്രിസഭയ്ക്ക് കീഴിലെ ഫത്‌വ നിയമ നിര്‍മാണ സമിതിയാണ് മാന്‍പവര്‍ അതോറിറ്റി എടുത്ത തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കിയത്. തീരുമാനം റദ്ദാക്കിയാല്‍ ഇന്ത്യക്കാരുള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ക്ക് പ്രയോജനം കിട്ടും.
ജനസംഖ്യാ ക്രമീകരണ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട റദ്ദാക്കല്‍ തീരുമാനം കൈക്കൊണ്ടത്. ഹയര്‍ സെക്കന്‍ഡറിയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍ക്ക് പ്രായം അറുപതോ അതില്‍ കൂടുതലോ ആണെങ്കില്‍ തൊഴില്‍ പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്നായിരുന്നു തീരുമാനം.
തൊഴില്‍ അനുമതിയുടെ ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്‌വ നിയമനിര്‍മാണ സമിതി തീരുമാനാത്തെ നിരാകരിച്ചത്. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.