കുവൈറ്റില്‍ 1,54,000 വിദേശികള്‍ അനധികൃതമായി തുടരുന്നതായി ആഭ്യന്തരമന്ത്രാലയം

kuwait

കുവൈറ്റ്: കുവൈറ്റില്‍ 1,54,000 വിദേശികള്‍ അനധികൃതമായി തുടരുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍. ഇത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന് കടുത്ത നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റവിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ ഹാജിരി വ്യക്തമാക്കി.

അനധികൃത താമസക്കാരെ ഉടന്‍ കണ്ടെത്തി സ്വരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കുന്നതിന് നീക്കം തുടങ്ങിയിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍സബ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യംവിട്ടുപോകുന്നതിനുള്ള പൊതുമാപ്പ് ആനുകൂല്യകാലാവധി 22ന് അവസാനിക്കുന്നതാണ്.

ഏഴുവര്‍ഷത്തിനുശേഷമായിരിക്കും അനധികൃതകുടിയേറ്റക്കാര്‍ക്ക് പിഴയോ ശിക്ഷകളോ കൂടാതെ രാജ്യംവിട്ടുപോകുന്നതിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുന്നത്. 450 വിദേശികളാണ് ഇതുപ്രകാരം ആദ്യദിവസം രാജ്യം വിട്ടത് എന്ന് സുരക്ഷാ അധികൃതര്‍ അറിയിച്ചു. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്നും കര്‍ശന പരിശോധന നടത്തി നിയമലംഘകരെ ശിക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top