കുവൈറ്റില്‍ പ്ലസ്ടു പരീക്ഷ സ്‌കൂളുകളില്‍ വച്ച് നേരിട്ട് നടത്തും

കുവൈറ്റ് സിറ്റി: പ്ലസ്ടു പരീക്ഷ സ്‌കൂളുകളില്‍ വെച്ച് നേരിട്ട് നടത്താനുള്ള നീക്കവുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം സ്‌കൂളുകളില്‍ നടത്തിയ പരിശോധനകളില്‍ എല്ലാ സ്‌കൂളുകളും നേരിട്ടുള്ള പരീക്ഷയ്ക്കായി സജ്ജമായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്ലസ്ടു പരീക്ഷ നേരിട്ട് നടത്തുന്ന 312 സ്‌കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തി.

അടുത്തയാഴ്ച നടക്കുന്ന പ്ലസ്ടു പരീക്ഷയ്ക്കായി സുരക്ഷിതമായ ക്രമീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്ന രീതിയിലാണ് പരീക്ഷാ ടേബിളുകള്‍ സജ്ജമാക്കിയിരിക്കുന്നത്. സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവയുടെ ലഭ്യതയും സ്‌കൂളില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടം അനുസരിച്ച് പരീക്ഷ സംഘടിപ്പിക്കാനും അതിന് ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമായി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആരോഗ്യമന്ത്രാലയം നേരത്തേ പരിശീലനം നല്‍കിയിരുന്നു.

ഓരോ പരീക്ഷയ്ക്കു ശേഷവും പരീക്ഷാ ഹാള്‍ അണുവിമുക്തമാക്കുന്നതിനുള്ള ജീവനക്കാരെ ഉള്‍പ്പെടെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നേരിട്ട് പരീക്ഷ സംഘടിപ്പിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നുവെങ്കിലും ചില സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈനായി പരീക്ഷ നടത്താന്‍ തീരുമാനമെടുത്തിരുന്നു.

Top