സര്‍ക്കാര്‍ ജോലികളിലെ സ്വദേശിവല്‍ക്കരണം; എതിര്‍ത്ത്‌ കുവൈറ്റ് എണ്ണക്കമ്പനികള്‍

കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിനെതിരെ എതിര്‍പ്പുമായി കുവൈറ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പെട്രോളിയം കമ്പനികള്‍ രംഗത്തെത്തി. സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി കുവൈറ്റി പൗരന്‍മാരെ നിയമിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് കരട് നിയമം.

കുവൈറ്റ് പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന നിയമത്തെ കുറിച്ച് പാര്‍ലമെന്റിന്റെ ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കമ്മിറ്റി നടത്തിയ ചര്‍ച്ചയിലാണ് കുവൈറ്റ് പെട്രോളിയം കോര്‍പറേഷനും കുവൈറ്റ് ഓയില്‍ കമ്പനിയും എതിരഭിപ്രായം ഉന്നയിച്ചത്.

കമ്പനികളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെങ്കിലും കമ്പനിയും അതിന്റെ കീഴ്സ്ഥാപനങ്ങളും കോര്‍പറേറ്റ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വാണിജ്യ കമ്പനികളാണെന്നും അതുകൊണ്ടു തന്നെ ഇവയിലെ ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലെന്നും കമ്പനികള്‍ വാദിച്ചു. കരട് നിയമത്തിലെ പൊതു സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ നിന്ന് കമ്പനികളെ ഒഴിവാക്കണമെന്നും ഇരു കമ്പനികളുടെയും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സ്വദേശികളായാലും വിദേശികളായാലും വിദ്യാഭ്യാസ യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിലായിരിക്കണം ജോലി നല്‍കേണ്ടതെന്നും കമ്പനികള്‍ വാദിച്ചു. ഉദ്യോഗാര്‍ഥിയുടെ തൊഴില്‍ പരിചയവും തൊഴില്‍ നൈപുണ്യവുമായിരിക്കണം നിയമനത്തിന്റെ മാനദണ്ഡം.

അല്ലാത്ത പക്ഷം കമ്പനികളുടെ പ്രകടനത്തെയും നിലനില്‍പ്പിനെയും അത് ദോഷകരമായി ബാധിക്കും. ജോലിയിലെ അറിവും കഴിവും പരിഗണിക്കാതെ സ്വദേശികളെ മാത്രം ജോലിക്കെടുത്താല്‍ അത് വലിയ തിരിച്ചടിയാവുമെന്ന അഭിപ്രായമാണ് കമ്മിറ്റിയിലെ ചര്‍ച്ചയ്ക്കിടെ കമ്പനി അധികൃതര്‍ മുന്നോട്ടുവച്ചത്.

 

Top