കുവൈറ്റില്‍ എണ്ണ ഇതര വരുമാനം 100 കോടി ദിനാറായി വര്‍ദ്ധിച്ചു

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ നാലു മാസത്തിനിടയില്‍ എണ്ണ ഇതര വരുമാനം 100 കോടി ദിനാറായി വര്‍ദ്ധിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് എണ്ണയിതര വരുമാനത്തിലുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

എണ്ണ ഇതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന വിവിധ പരിഷ്‌കാരങ്ങളാണു ഫലം കണ്ടു തുടങ്ങിയത്. 2018 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ എണ്ണ ഇതര വരുമാനമായി ഖജനാവില്‍ ഒഴുകിയെത്തിയത് ഒരു ബില്ല്യണ്‍ ദിനാറാണെന്നാണു സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തു വിട്ട പുതിയ സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 ല്‍ ഇത്തരത്തിലുള്ള ആകെ വരുമാനം 120 കോടി ദിനാറായിരുന്നു.

അതായത് 40 ശതമാനം വര്‍ദ്ധനവാണു സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്. ആറു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നാണു പ്രധാനമായും എണ്ണ ഇതര വരുമാനം ഉണ്ടായത്. ഇതില്‍ ജല വൈദ്യുതി മന്ത്രാലയമാണു ഏറ്റവും മുന്നിലുള്ളത്. കസ്റ്റംസ് , ധന മന്ത്രാലയം , ആരോഗ്യ മന്ത്രാലയം , വാര്‍ത്താ വിനിമയ മന്ത്രാലയങ്ങളില്‍ നിന്നും ഗണ്യമായ രീതിയിലാണ് വരുമാനം കണ്ടെത്താനായത്.

പൊതു നികുതികളും പുതുതായി ഏര്‍പ്പെടുത്തിയ ഫീസ് നിരക്കുകള്‍ വഴിയും വരുമാനം കൂട്ടാന്‍ സാധിച്ചതായും സ്ഥിതി വിവരകണക്കില്‍ സൂചിപ്പിക്കുന്നു.

2021 ഓടു കൂടി ബജറ്റ് കമ്മി 3 ബില്യണ്‍ ദിനാറാക്കി ചുരുക്കുവാനാണു ധന മന്ത്രാലയം ആലോചിക്കുന്നത്. ഇതിനായി നേരത്തെ ആലോചനയിലുണ്ടായ വിദേശികള്‍ക്കുള്ള വിവിധ ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്ന തീരുമാനം നടപ്പാക്കുക വഴി സാധിക്കുമെന്നും ധന മന്ത്രാലയം വിലയിരുത്തുന്നു.

Top