പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സുമാര്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ത്ഥികളും നഴ്‌സുമാരും അത് പുതുക്കാന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നോ പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്റ് ട്രെയിനിങില്‍ നിന്നോ ഉള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

എന്നാല്‍ കുവൈറ്റിലുള്ള പ്രവാസി നഴ്‌സുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലൈസന്‍സ് ലഭിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ ബാധകമല്ലായിരുന്നു. എന്നാല്‍ ഇത് ഉപയോഗപ്പെടുത്തി ചില പ്രവാസികള്‍ ലൈസന്‍സ് നേടുന്നതിന് വേണ്ടിമാത്രം സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്യുകയും ശേഷം പഠനം നടത്താതിരിക്കുകയും ചെയ്യുന്നതായി അധികൃതര്‍ കണ്ടെത്തിയെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌.

Top