കുവൈത്ത് ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹ്‌മദ്‌ അല്‍ ജാബര്‍ അല്‍ സബാഹ് അധികാരമേറ്റു

കുവൈത്ത് : കുവൈത്ത് അമീറായി ശൈഖ് നവാഫ് അല്‍ അഹ്‌മദ്‌ അല്‍ ജാബര്‍ അല്‍ സബാഹ് അധികാരമേറ്റു. നാഷണല്‍ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ വെച്ച് ബുധനാഴ്ചയാണ് അദ്ദേഹം ഭരണഘടനാ പ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റത്. നിലവിലെ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമാണ് ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. കുവൈത്തിന്റെ പതിനാറാമത് അമീറു കൂടിയാണ് ഇദ്ദേഹം.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നാഷണൽ അസംബ്ലിയുടെ പ്രത്യേക യോഗം ചേർന്നത്. കുവൈത്തിലെ ജനങ്ങള്‍ തങ്ങളിലര്‍പ്പിക്കുന്ന വിശ്വാസത്തെ ജീവനുതുല്യം സംരക്ഷിക്കുമെന്ന് അദ്ദേഹം അധികാരമേറ്റെടുത്ത ശേഷം പ്രഖ്യാപിച്ചു. മേഖലയിലും ലോക രാജ്യങ്ങള്‍ക്കിടയിലും സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് പൂര്‍വികരുടെ പാത പിന്തുടരുമെന്നും അമീര്‍ ഷേയ്ഖ് നവാഫ് കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൃതദേഹം അമേരിക്കയില്‍ നിന്ന് ഇന്ന് കുവൈത്തിലെത്തിക്കും. പ്രത്യേക സാഹചര്യം പരിഗണിച്ച് മരണാന്തര ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈത്ത് മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിരിക്കുകയാണ്.

Top