വില നിരീക്ഷണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി വാണിജ്യ മന്ത്രാലയം

കുവൈറ്റ്: കുവൈറ്റില്‍ വില നിരീക്ഷണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി വാണിജ്യ മന്ത്രാലയം. ഒരോ സാധനത്തിനും ഓരോ സ്ഥാപനത്തിലെയും വില വിരല്‍ത്തുമ്പില്‍ ഉപഭോക്താവിന് ലഭ്യമാകുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് വാണിജ്യ മന്ത്രി ഖാലിദ് റൗദാന്‍ പറഞ്ഞു.

പ്രത്യേക ആപ്പ് വഴി വിവിധ സ്ഥാപനങ്ങളിലെ വില നിലവാരം ഒരേ സമയം ലഭ്യമാക്കുന്ന രീതിയിലാകും ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നത്. 500 ഉല്‍പ്പന്നങ്ങളുടെ വില ആപ്പ് വഴി വിലയിരുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നം ലഭിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നതോടെ വിപണിയില്‍ മത്സരം കടുക്കുകയും വില കുറയ്ക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്യും.

കോ-ഓപ്പറേറ്റിവ് സ്റ്റോറുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംവിധാനം നടപ്പാക്കുന്നത്. വില കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുവെന്നതും ഉറപ്പാക്കും. വിലനിലവാരം നിരീക്ഷിക്കുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് എമര്‍ജന്‍സി സംഘങ്ങള്‍ ഉള്‍പ്പെടെ 30 സംഘങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്താറുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം ഇല്ലാതാക്കുന്നതിനുമാണ് പുതിയ സംവിധാനമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top