കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരത്തിലേറി

കുവൈറ്റ്;രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ കുവൈറ്റില്‍ പുതിയ ഭരണാധികാരികള്‍ അധികാരമേറ്റെടുത്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. അബ്ദുല്ല യൂസുഫ് അബ്ദു റഹുമാന്‍ അല്‍ റൂമിയെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി പദവിയോടൊപ്പം പ്രതിരോധ മന്ത്രി സ്ഥാനവും ശൈഖ് സബാഹ് ഖാലിദ് വഹിക്കും. പുതിയ മന്ത്രിസഭയില്‍ 16 മന്ത്രിമാരില്‍ നാല് പേര്‍ പുതുമുഖങ്ങളാണ്. രണ്ട് മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരും പുതിയ മന്ത്രിസഭയിലുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അല്‍ സ്വാലിഹിന് പുതിയ മന്ത്രി സഭയില്‍ സീറ്റ് നില നിര്‍ത്താനായില്ല.

നീതിന്യായം, അഴിമതി വിരുദ്ധ വകുപ്പ് എന്നിവയുടെ ചുമതലയും അബ് ദുല്ല യൂസുഫ് അബ്ദു റഹ്മാന്‍ അല്‍ റൂമിനാണ്.ഡോ. മുഹമ്മദ് അല്‍ ഫാരെസിനെ എണ്ണ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ ഡോ. അലി അല്‍ മുദഫ് തന്നെയാണ് വിദ്യാഭ്യാസ മന്ത്രി. മന്ത്രിസഭയില്‍ ഡോ. റാണ അല്‍ ഫാരിസ് ഏക വനിതാ മന്ത്രിയാണ്. പൊതുമരാമത്ത് മന്ത്രി കൂടാതെ വാര്‍ത്താവിനിമയ, വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി ചുമതലയും റാണ അല്‍ ഫാരിസിന് നല്കിയിട്ടുണ്ട്.

 

Top