പ്രവാസി ഇഖാമ ലംഘകരെ പിടിക്കാന്‍ സുരക്ഷ ശക്തമാക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇഖാമ ലംഘകരെയും സ്വന്തം സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പുനരാരംഭിച്ച പരിശോധന കാമ്പയിനില്‍ ആദ്യ ദിനം തന്നെ 459 പേര്‍ പിടിയിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബിലും ഫഹാഹീല്‍ വ്യവസായ മേഖലയിലും ബുധനാഴ്ച പുലര്‍ച്ച ഒരേ സമയത്തായിരുന്നു റെയ്ഡ്. രണ്ടിടങ്ങളില്‍ നിന്നുമായി ഇന്ത്യക്കാരുള്‍പ്പെടെ 459 പേരെ കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക വിവരം.

മതിയായ താമസരേഖകളില്ലാത്ത 130 പേര്‍, സ്‌പോണ്‍സര്‍ മാറി ജോലി ചെയ്തവരും ഇഖാമ കാലാവധി തീര്‍ന്നവരുമടക്കം 51 പേര്‍, ഒളിച്ചോട്ടത്തിന് കേസുള്ള 26 പേര്‍, മദ്യലഹരിയിലായിരുന്ന 15 പേര്‍, വിവിധ സിവില്‍ കേസുകളില്‍ പ്രതികളായ10 പേര്‍, അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലുപേര്‍ എന്നിങ്ങനെയാണ് പിടിയിലായത്.

നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കുമെന്നു ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. നിയമലംഘകര്‍ക്കും കുറ്റവാളികള്‍ക്കും അഭയം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. പൊതുസുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ്‌സബാഹ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

Top