കുവൈറ്റില്‍ വീട്ടമ്മമാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം

കുവൈറ്റ്: കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികളായ വീട്ടമ്മമാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭരണകൂടത്തിന്റെ പുതിയ നിര്‍ദേശപ്രകാരം ഭര്‍ത്താവിന്റെ ശമ്പളം, ജോലി എന്നിവ മാനദണ്ഡമാക്കിയാകും വീട്ടമ്മമാര്‍ക്ക് ലൈസന്‍സ് അനുവദിക്കുക.

പുതിയ തീരുമാനമനുസരിച്ച് ഭര്‍ത്താവിന്റെ ജോലി, ശമ്പളം എന്നിവ അടിസ്ഥാനമാക്കി മാത്രമാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക. ഭര്‍ത്താവിന് 600 ദിനാറിന് മേല്‍ ശമ്പളമുണ്ടായിരിക്കുക, ഭര്‍ത്താവിന്റെ തസ്തിക ജനറല്‍ മാനേജര്‍, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സര്‍വകലാശാല അംഗം, ഉപദേശകര്‍ എന്നിവയിലൊന്ന് ആയിരിക്കുക, കുട്ടികള്‍ ഉണ്ടായിരിക്കുക എന്നിവയാണ് പുതിയ നിബന്ധനകള്‍. ഇളവ് നല്‍കുന്ന തൊഴില്‍ മേഖലയില്‍ എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ എഞ്ചിനീയര്‍മാരുടെ ഭാര്യമാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാനാവില്ല.

നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം നഴ്‌സുമാരെയും പള്ളികളില്‍ ബാങ്ക് വിളിക്കുന്നവരെയും ലൈസന്‍സ് നിബന്ധനകള്‍ ഇളവുള്ള കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഉണ്ടെങ്കിലും കുടുംബമായി താമസിക്കുന്ന വിദേശി വനിതകളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു കുട്ടികളെ സ്‌കൂളില്‍ കൊണ്ട് വിടുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്.

Top