കുവൈറ്റില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കുന്നത് 37000ത്തിലേറെ പേര്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ 37,000ത്തിലേറെ പ്രവാസികള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ എടുക്കുന്നതായി വെളിപ്പെടുത്തല്‍. ഇവരുടെ ചികിത്സയ്ക്ക് വര്‍ഷങ്ങള്‍ എടുക്കുമെന്നും അതുകൊണ്ടു തന്നെ അവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കണമെന്നും പാര്‍ലമെന്റംഗം ബദര്‍ അല്‍ ഹുമൈദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് പാര്‍ലമെന്റില്‍ അദ്ദേഹം സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്.

രാജ്യത്തെ വിവിധ ആശുപത്രികളിലായി 37,000ത്തിലേറെ പ്രവാസികള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ എടുക്കുന്നതായി ആശുപത്രി അധികൃതരാണ് തനിക്ക് വിവരം നല്‍കിയതെന്നും ഇവരുടെ ചികിത്സയ്ക്കായി വന്‍ തുകയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും അദ്ദേഹം പാര്‍ലമെന്റ് മുമ്പാകെ നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

അതേസമയം, ചികിത്സാ ചെലവ് താങ്ങാനാവാത്തവര്‍ ഉള്‍പ്പെടെ മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് അത് നല്‍കണമെന്നും അല്ലാത്തവരെ നാടുകടത്തണമെന്നുമാണ് എംപിയുടെ ആവശ്യം. അതോടൊപ്പം ലീഗല്‍ കണ്‍സള്‍ട്ടന്റുമാരായി ജോലി ചെയ്യുന്ന പ്രവാസികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും അവര്‍ക്കു പകരം കുവൈറ്റികളെ നിയമിക്കണമെന്നും എംപി ശുപാര്‍ശയില്‍ ആവശ്യപ്പെട്ടു.

Top