ഫെയ്സ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം: കുവൈത്തില്‍ മലയാളി പിടിയില്‍

കുവൈത്ത് സിറ്റി: പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ സോഷ്യല്‍മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ കാസര്‍കോട് സ്വദേശിയെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഈ മാസം 25നാണ് ഇയാള്‍ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. മോദി അധികാരത്തില്‍ വന്നതിനെ അഭിനന്ദിച്ച് കൊണ്ട് പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം പത്ര പ്രസ്താവന നടത്തിയിരുന്നു.

സ്ഥാപന ഉടമയുടെ നിലപാടിനെ വിമര്‍ശിച്ച് കൊണ്ടാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതിന് പുറമേ ഉടമയ്ക്കെതിരെ വര്‍ഗ്ഗീയ ചുവയുള്ള പരാമര്‍ശവും ഇയാള്‍ നടത്തിയിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞു മറ്റൊരു പോസ്റ്റുമിട്ടു.

എന്നാല്‍ സംഭവത്തില്‍ നടപടിയെടുത്ത കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു. സൈബര്‍ കുറ്റത്തിന് കനത്ത പിഴയും നാടു കടത്തലുമാണ് കുവൈത്തിലെ ശിക്ഷ.

Top