കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

യുഎഇ: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍ ആണ് മരിച്ചത്. നാല്‍പത്തിനാല് വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു.

ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്. ഇന്നലെ ദുബായിലും ഒരു മലയാളി കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. കണ്ണൂര്‍ കേളകം സ്വദേശി തങ്കച്ചനാണ് മരിച്ചത്. 58 വയസായിരുന്നു. ഇന്നലെ മാത്രം 557 പുതിയ കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 114 പേര്‍ ഇന്നലെ രോഗമുക്തരായി. അതേസമയം, യുഎഇയില്‍ 13,038 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ആറ് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 111 ആയി. 2,543 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് ഇന്നലെ മണിക്കൂറിനിടെ 2,411 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേര്‍ മരിക്കുകയും ചെയ്തു. 37,776 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Top