വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിന്‍വലിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിന്‍വലിച്ചു. ആദ്യദിനം അറബ്-യൂറോപ്യന്‍ പൗരന്മാരാണ് എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

തുര്‍ക്കിയില്‍നിന്നും ഖത്തറില്‍ നിന്നുമുള്ള വിമാനങ്ങളാണ് വിദേശി യാത്രക്കാരുമായി കുവൈത്തില്‍ ആദ്യമെത്തിയത്. ഈജിപ്ത് ലെബനന്‍, ജോര്‍ദാന്‍, മൊറോക്കോ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ആദ്യദിനം വിമാനമിറങ്ങിയത്. യാത്രാനിബന്ധനകളില്‍ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് വിമാന ഷെഡ്യൂളുകള്‍ക്ക് ഡിജിസിഎ ഇതുവരെ അനുമതി നല്‍കിയിട്ടില്ല . എന്നാല്‍ ഇമ്മ്യൂണ്‍ ആപ്പില്‍ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വഴി കുവൈത്തിലേക്ക് വരാമെന്നും മറ്റൊരു രാജ്യത്ത് ക്വാറന്റൈന്‍ ഇരിക്കേണ്ടെന്നും ഡിജിസിഎ മേധാവി എന്‍ജിനീയര്‍ യൂസഫ് അല്‍ ഫൗസാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top