ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശന വിലക്ക് നീക്കാന്‍ കുവൈത്ത്

ഇന്ത്യയുള്‍പ്പെടെ 31 രാജ്യങ്ങളില്‍നിന്ന് വരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നിബന്ധനകളോടെ പിന്‍വലിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം ചിലവില്‍ രണ്ടാഴ്ച ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്ന നിബന്ധനയോടെയാകും കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്കു പ്രവേശനം അനുവദിക്കുക .

കുവൈത്തില്‍ വാണിജ്യ വിമാനസര്‍വീസ് പുനരാരംഭിച്ചെങ്കിലും കോവിഡ് റിസ്‌ക് കൂടിയ 31 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കു കുവൈത്തില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു . ലോകാരോഗ്യസംഘടനയുടെ കോവിഡ് അവലോകനറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഓരോ പത്തു ദിവസം കൂടുന്തോറും ഈ രാജ്യങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വ്യോമയാന വകുപ്പും ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിലൂടെ പ്രവേശന വിലക്ക് ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന .

സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഹോട്ടലുകളില്‍ സ്വന്തം ചെലവില്‍ രണ്ടാഴ്ച ക്വാറന്റീന്‍ കഴിയേണ്ടിവരുമെന്ന നിബന്ധനയോടെ വിലക്ക് നീക്കാനാണ് ആലോചന. അടുത്ത മാസം തുടക്കം മുതല്‍ ഘട്ടംഘട്ടമായി ഇളവ് നല്‍കാനാണ് നീക്കം.

Top