ഇന്ത്യയിലേക്കുള്ള വിമാന വിലക്ക് പിന്‍വലിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ തീരുമാനം അധികൃതര്‍ പിന്‍വലിച്ചു. ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രവിമാനങ്ങള്‍ക്കും കുവൈറ്റ് അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മെയ് ആദ്യത്തില്‍ കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടത്.

നിലവില്‍ മൂന്നാമതൊരു രാജ്യം വഴിയാണ് ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് പോയിരുന്നത്. വിലക്ക് നീങ്ങിയതോടെ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ട്രാവല്‍സുകള്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നേരത്തേ പ്രഖ്യാപിച്ച വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനാല്‍ നാട്ടിലുള്ളവര്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് വരാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവില്‍ മറ്റ് രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാര്‍ കുവൈറ്റിലെത്തുന്നത്. യാത്രാവിമാനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഗോ വിമാനങ്ങള്‍ അനുവദിക്കും.

 

 

Top