കുവൈറ്റില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. 80 തൊഴില്‍ മേഖലകളിലാണ് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരോ വര്‍ഷവും 20 വീതം മേഖലകളില്‍ നടപ്പിലാക്കി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണകാര്യ മന്ത്രി മറിയം അഖ്വീല്‍ പറഞ്ഞു.

എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലില്‍ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ ബാധകമാണ്. തൊഴില്‍വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക.

പരീക്ഷയില്‍ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനില്‍ അടിച്ചുനല്‍കില്ല. നിലവാരമുള്ള തൊഴില്‍ശക്തിയെ മാത്രം നിലനിര്‍ത്തുകയെന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. സ്വകാര്യ മോഖലകളില്‍ സ്വദേശി ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുക എന്നതും ഈ പുതിയ പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്.

സ്വകാര്യ മേഖലയിലെ അക്കൗണ്ടന്റ് അടക്കം പ്രഫഷനല്‍ തസ്തികകളില്‍ വരുംവര്‍ഷങ്ങളില്‍ തൊഴില്‍ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എന്‍ജിനീയര്‍മാര്‍ക്കിടയില്‍ നടത്തിയ പരിഷ്‌കരണത്തിന്റെ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക.. ഇതേ മാതൃക മറ്റു പ്രഫഷനുകളിലും നടപ്പാക്കുമ്പോള്‍ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

Top