മലയാളി സംഘടനകളുടെ എണ്ണം ഇരുപത്തിയഞ്ചായി കുറഞ്ഞു

കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യന്‍ സംഘടനകള്‍ക്ക് കര്‍ശനനിയന്ത്രണവുമായി ഇന്ത്യന്‍ എംബസി. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് മലയാളികളുടേത് അടക്കം നൂറിലധികം പ്രവാസിസംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. നിശ്ചിത മാനദണ്ഡം അനുസരിച്ചാണ് എംബസി പ്രവാസി സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കിവരുന്നത്. എന്നാല്‍, സംഘടനകളുടെ എണ്ണം വര്‍ധിച്ചതോടെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെയായി.

ഇരുന്നൂറ്റി എണ്‍പത് സംഘടനകള്‍ നിലവിലുണ്ടായിരുന്നെങ്കിലും നിലവില്‍ അത് തൊണ്ണൂറ്റിആറാക്കി ചുരുക്കി. പുതുക്കിയ പട്ടികയില്‍ മലയാളി സംഘടനകളുടെ എണ്ണം ഇരുപത്തിയഞ്ചായി കുറഞ്ഞു. നേരത്തേ ഇത് നൂറ്റിനാല്‍പ്പതിലേറെയായിരുന്നു. മത, ജാതി, രാഷ്ട്രീയപാര്‍ട്ടി സംഘടനകളും ഇതില്‍ പെടുന്നു. എംബസിയുടെ വെബ്‌സൈറ്റിലൂടെയാണ് വിവരം പുറത്തുവന്നത്.

മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് രജിസ്‌ട്രേഷന്‍ ക്രമപ്പെടുത്താനാണ് എംബസി ആലോചിക്കുന്നതെന്നാണ് സൂചന. കുവൈറ്റില്‍ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം പാടില്ലെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികള്‍ സാംസ്‌കാരിക സംഘടനയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികളാണ് ഏറ്റവുമധികം സംഘടന നടത്തുന്നത്. അതേസമയം, രജിസ്‌ട്രേഷന്‍ റദ്ദാക്കിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ല. മാനദണ്ഡപ്രകാരം വീണ്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Top