മാതാവിനെ ജയിലിലാക്കി; കുവൈറ്റ് ഗായിക ഹല അല്‍ തുര്‍ക്ക് വിവാദത്തില്‍

കുവൈറ്റ് സിറ്റി: തന്റെ ഒന്‍പതാം വയസ്സില്‍ അറബ്‌സ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയുടെ സെമി ഫൈനലിലെത്തിയതു മുതല്‍ മാധ്യമ തലക്കെട്ടുകളില്‍ ഇടം പിടിച്ച ഗായികയാണ് ഹല അല്‍ തുര്‍ക്ക്. എന്നാല്‍ 19കാരിയായ ഗായികയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ അരങ്ങേറുന്നത്. ഹലയുടെ മാതാവ് മോന അല്‍ സാബിറിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒരു വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണിത്. ഹലയാണ് അല്‍ സാബിറിനെതിരേ കേസ് നല്‍കിയതെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തങ്ങളുടെ പ്രിയ ഗായികയ്‌ക്കെതിരേ ആരാധകര്‍ ഒന്നടങ്കം തിരിഞ്ഞിരിക്കുന്നത്.

അതേസമയം, കേസുമായി യാതൊരു ബന്ധവും ഹലയ്ക്കില്ലെന്നാണ് കുടുംബ അഭിഭാഷകന്‍ മുഹമ്മദ് അല്‍ ജാസിമിന്റെ വിശദീകരണം. ഹല മൈനറായ സമയത്താണ് കേസ് നടക്കുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നതു പോലെ മാതാവിനെതിരേ മൈനറായ ഹലയ്ക്ക് കേസ് നല്‍കാനാവില്ലെന്നുമാണ് അഭിഭാഷകന്റെ വാദം. ഹലയല്ല, മറിച്ച് മാതാവുമായി അകന്നു കഴിയുന്ന ഹലയുടെ പിതാവാണ് കേസിനു പിന്നില്‍. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതി വിധിയുമായി ഹലയ്ക്ക് ഒരു ബന്ധവുമില്ല. എന്നു മാത്രമല്ല, ഹലയുടെ ഇഷ്ടത്തിന് എതിരായി കോടതിയില്‍ ഹാജരാവാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. മാതാവിന്റെ അപേക്ഷ പ്രകാരമാണ് ഹല കോടതിയില്‍ മൊഴി നല്‍കിയതെന്നും ജാസിം പറഞ്ഞു

 

Top