Kuwait government against Pokemon

ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം പോക്കിമോനെതിരെ കുവൈത്ത് സര്‍ക്കാര്‍ രംഗത്ത്. പോക്കിമോന്റെ കൈവിട്ട കളി കുവൈത്തില്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരത്തോ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സമീപത്തോ പോക്കിമോനെ പിടിക്കാന്‍ അനുവദിക്കില്ല. പള്ളികള്‍, ഷോപ്പിങ്ങ് മാളുകള്‍, തുടങ്ങിയ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലങ്ങളിലൊന്നും പോക്കിമോന്‍ വേണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. റിയാലിറ്റി ഗെയിമായ പോക്കിമോന്‍ മിക്ക രാജ്യങ്ങളിലും വലിയ സുരക്ഷാ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാര്‍ത്തകളാണ് പോക്കിമോനെതിരെ വന്നുക്കൊണ്ടിരിക്കുന്നത്.

പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്ന് ചില സ്ഥലങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നവരും കുറവല്ല. പോക്കിമോനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹോളോകോസ്റ്റ് മ്യൂസിയം അധികൃതര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

വെര്‍ച്വല്‍ റിയാലിറ്റിയില്‍ കളിക്കാവുന്ന ഗെയിം പാര്‍ക്ക്, മ്യൂസിയം, ശവപറമ്പ്, സെമിത്തേരി, തന്ത്രപ്രധാന സ്ഥലങ്ങള്‍ എന്നിവയ്ക്ക് ഭീഷണിയാണ്.

കളിക്കാരന്റെ മുന്നിലുള്ള സ്ഥലത്താണ് പോക്കിമോന്‍ നടക്കുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് എല്ലാറ്റിനും പ്രശ്‌നം. നാസിസ ഇരകള്‍ക്കായി അമേരിക്കയില്‍ നിര്‍മിച്ചിട്ടുള്ള മ്യൂസിയമാണ് ഹോളോകോസ്റ്റ്.

ഇതിനു പുറമെ വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ നാഷണല്‍ സെമിത്തേരിയെയും പോക്കിമോന്‍ ഗെയിമില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം പോക്കിമോന്‍ എത്താന്‍ ഇടയുണ്ട്. അങ്ങനെ വന്നാല്‍ ഗെയിം കളിക്കുന്നവര്‍ ഇവിടെ എത്തപ്പെട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകും.

പോക്കിമോന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അന്വേഷിച്ച് കുട്ടികള്‍ മ്യൂസിയത്തില്‍ എത്താന്‍ സാധ്യതയുണ്ട്. ശവപറമ്പിലോ മ്യൂസിയത്തിലോ പാര്‍ക്കുകളിലോ ഗെയിം അനുവദിക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനായ സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു. എന്നാല്‍, ഗെയിം നിര്‍മ്മാതാക്കളായ നിന്‍ഡകോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

×

Top