സ്വദേശിവത്കരണം; മലയാളികള്‍ ഉള്‍പ്പെടെ 3140 തൊഴിലാളികളെ പിരിച്ചുവിട്ടതായി കുവൈത്ത്

kuwait

ദുബായ്: പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 3140 വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടതായി കുവൈത്ത് സിവില്‍ സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍ അഹമ്മദ് അല്‍ ജാസര്‍.

വിദേശ തൊഴിലാളികള്‍ക്ക് പകരം പൊതുമേഖലയില്‍ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.

സൗദി അറേബ്യയ്ക്ക് പുറമെ കുവൈത്തിലും സ്വദേശിവത്കരണം ശക്തമാക്കുന്നത് പ്രവാസി മലയാളികള്‍ക്ക് വന്‍ ഭീഷണിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും വിദ്യാഭ്യാസ, എഞ്ചിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ തൊഴിലാളികള്‍ക്ക്.

മാത്രമല്ല, ആകെ 44,752 വിദേശ തൊഴിലാളികളെയാണ് കുവൈത്ത് പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 3140 പേരെ പുറത്താക്കിയത്.

ഏതാണ്ട് 46 ഗവണ്‍മെന്റ് സെക്ടറുകളിലാണ് വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്ത് 25,498, സേവന രംഗത്ത് 6474, നിയമ ഇസ്ലാമിക രംഗത്ത് 3537, എഞ്ചിനീയറിംഗ് രംഗത്ത് 2876, മറ്റ് സേവന മേഖലകളില്‍ 1539 തൊഴിലാളികളുമാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.

Top