വിദേശി ആരോഗ്യ ഇന്‍ഷുറന്‍സ്; കമ്പനിയുമായുള്ള കരാര്‍ ആറു മാസത്തേക്ക് കൂടി പുതുക്കും

കുവൈറ്റ്: കുവൈറ്റില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയുമായുള്ള കരാര്‍ ആറു മാസത്തേക്ക് കൂടി പുതുക്കി നല്‍കുന്നു. ആരോഗ്യ മന്ത്രാലയത്തിലെ സൂപ്പര്‍വൈസറി കമ്മിറ്റിയാണ് കരാര്‍ പുതുക്കുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഇഖാമ പുതുക്കുന്നതിന് മുന്‍പ് വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ്പ്രീമിയം സ്വീകരിക്കുന്നതും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുന്നതും സ്വകാര്യ കമ്പനിയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിര്‍വ്വഹിച്ചു പോരുന്നത് . നേരത്തെ കമ്പനിയുമായുള്ള കരാര്‍ പുതുക്കുകയില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് നിലവിലെ കമ്പനിയുമായുള്ള കരാര്‍ തുടരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പുതുക്കി നല്‍കില്ലെന്ന് വ്യക്തമാക്കിയതിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയാണ് ആറു മാസം വീതം കരാര്‍ നീട്ടുന്നത്.

നിലവിലുള്ള കമ്പനിക്ക് ജൂലൈ 28 മുതല്‍ 2019 ജനുവരി അവസാനം വരെയാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് സേവനത്തിന് പുതിയ ടെന്‍ഡര്‍ എടുക്കുന്നതിന് മന്ത്രാലയം തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് കേന്ദ്രങ്ങള്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഇ പേയ്‌മെന്റ്സര്‍വിസ് നടത്തുന്ന സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്ക് നീട്ടാനും ആരോഗ്യ മന്ത്രാലയം അനുമതി കരസ്ഥമാക്കിയിട്ടുണ്ട്.

മേയ് എട്ട് മുതല്‍ മൂന്നുവര്‍ഷത്തേക്കാണ്‌ പുതുക്കിയ കരാര്‍. മൂന്ന് മില്യന്‍ ദീനാര്‍ ആണ് പുതിയ കരാര്‍ തുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിദേശികളുടെ ആരോഗ്യ സേവന ഫീസ് വര്‍ധിപ്പിച്ചതിന് ശേഷം ഫിനാന്‍ഷ്യല്‍ സ്റ്റാമ്പിന്റെ ഉപയോഗം കൂടിയിരുന്നു . ഈ സാഹചര്യത്തിലാണ് ഇ പേയ്‌മെന്റ് സര്‍വീസ് നടത്തുന്ന കമ്പനിയുമായുള്ള കരാര്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്.

Top