കുവൈറ്റില്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നു;

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച കരട് നിയമം ഒക്ടോബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റിയല്‍ എസ്റ്റേറ്റ് മേളകള്‍ സംഘടിപ്പിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്ന് കൂപ്പുകുത്തിയ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു പുതുജീവന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രാജ്യാന്തര നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കലും, മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയുകയുമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വ്യവസായം ആരംഭിക്കാനും, നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന രീതിയിലാവും നിയമ നിര്‍മാണം നടത്തുന്നത്.

കരട് രൂപം തയാറാക്കുന്നതിനായി ഉടന്‍ തന്നെ നിയമ വിദഗ്ദരുടെ പാനലിനെ ചുമതലപ്പെടുത്തുമെന്നു ധനമന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി. വേനലവധിക്ക് ശേഷം ഒക്ടോബറില്‍ ചേരുന്ന പാര്‍ലമെന്റ് സെഷനില്‍ കരടുനിയമം അവതരിപ്പിക്കും.

മുതല്‍ മുടക്കുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കും. സ്വദേശികള്‍ രാജ്യത്തിന് പുറത്തു നിക്ഷേപിക്കുന്ന പ്രവണത കുറക്കാന്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും നല്‍കും.

Top