കുവൈറ്റ് പ്രളയക്കെടുതി: ദുരിതാശ്വാസ തുകയുടെ ആദ്യ ഘട്ടം വിതരണം ചെയ്തു

കുവൈറ്റ്: കുവൈറ്റില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ തുക നല്‍കി തുടങ്ങി. മഴക്കെടുതി നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവാണ് വിതരണം ചെയ്ത് തുടങ്ങിയത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ച വ്യക്തികളുടെ ബാങ്ക് അകൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തതായി സാമൂഹ്യക്ഷേമ മന്ത്രി അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചവരെയാണ് ആദ്യഘട്ട ധനസഹായത്തില്‍ പരിഗണിച്ചിരിക്കുന്നത്. ആദ്യഗഡുവായി ആകെ 30,000 കുവൈത്തി ദിനാര്‍ വിതരണം ചെയ്തതായി തൊഴില്‍സാമൂഹിക ക്ഷേമ മന്ത്രിയും നഷ്ടപരിഹാര സെല്‍ മേധാവിയുമായ ഹിന്ദ് സബീഹ് പറഞ്ഞു. ബാക്കി അടുത്ത ഘട്ടത്തില്‍ നിക്ഷേപിക്കും.നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നവരില്‍ സ്വദേശി വിദേശി വിവേചനം ഇല്ലെന്നും അര്‍ഹരായ ആരോടും അനീതി കാണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞമാസം കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി പേരുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടം സംഭവിച്ചത്. പ്രളയനഷ്ടപരിഹാര അതോറിറ്റിയില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നാണ് അര്‍ഹരായവരെ കണ്ടെത്തിയത്.

Top