കുവൈത്ത് ഭരണാധികാരി അമീർ ഷെയ്ഖ് സബാഹ് അന്തരിച്ചു.

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഭരണാധികാരി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്​ (91) അന്തരിച്ചു. രണ്ടുമാസമായി യു.എസിൽ ചികിത്സയിലായിരുന്നു.

കുവൈത്തിനെ വികസനക്കുതിപ്പിലേക്ക്​ നയി​ച്ച ശേഷമാണ്​ 91ാം വയസ്സിൽ അദ്ദേഹം വിടപറഞ്ഞത്​. ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനാണ്. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് സബാഹിനെ അടുപ്പിച്ചു. കുവൈത്തുമായി ബന്ധപ്പെട്ടു രാജ്യാന്തരതലത്തിൽ അനവധി വേദികളിൽ അദ്ദേഹം സജീ‍വ സാന്നിധ്യവുമായി. വിടപറയുന്നത് ഗൾഫ് മേഖലയിലെ സമാധാനമധ്യസ്ഥനാണ്.

മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തി​ന്റെ 15ാമത് അമീറായി സ്​ഥാനമേറ്റത്.

1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം തിരിച്ചെത്തിയപ്പോൾ 1954ൽ 25ാം വയസ്സിൽ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നുവർഷത്തിനുശേഷം സർക്കാർ പ്രസിദ്ധീകരണ വിഭാഗത്തിന്റെ മേധാവിയായി. ഈ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്​കാരിക പ്രസിദ്ധീകരണമായ ‘അൽ അറബി’ തുടങ്ങിയത്.

Top