കുവൈറ്റില്‍ ഗാര്‍ഹിക തൊഴില്‍ വകുപ്പ് ഇനി മനുഷ്യവിഭവശേഷി അതോറിറ്റിയുടെ കീഴില്‍

കുവൈറ്റ്: കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ വകുപ്പ് മനുഷ്യവിഭവശേഷി അതോറിറ്റിയുടെ കീഴിലേക്ക് മാറ്റുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് നിലവില്‍ ഗാര്‍ഹിക തൊഴില്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടുജോലിക്കാര്‍ക്ക് തൊഴില്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നില്ലെന്നും, അതുവഴി ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ചോദ്യം ചെയ്യാന്‍ അവസരം ഇല്ലാതാവുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് വകുപ്പിനെ മനുഷ്യവിഭവശേഷി അതോറിറ്റിയിലേക്ക് മാറ്റുന്നത്. ഇതോടെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വീട്ടുജോലിക്കാരും ഉള്‍പ്പെടും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആവശ്യമായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. വകുപ്പ് മാറ്റ നടപടി ഉടന്‍ പൂര്‍ത്തിയാകും.

Top