കുവൈത്ത് അമീറിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം

കുവൈത്ത് : കുവൈത്ത് അമീറിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ആരോഗ്യം വീണ്ടെടുത്ത അമീര്‍ ബയാന്‍ പാലസില്‍ പ്രമുഖരെ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ കുവൈത്ത് ടിവി പുറത്തു വിട്ടതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്. അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അമീര്‍ തിങ്കളാഴ്ച ബയാന്‍ പാലസിലെത്തി രാജകുടുംബത്തിലെയും ഭരണ രംഗത്തെയും പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.

തന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച മുഴുവന്‍ പേര്‍ക്കും അമീര്‍ നന്ദി അറിയിച്ചതായി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം പറഞ്ഞു.

കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അസ്സബാഹ്, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ്, മറ്റു മന്ത്രിമാര്‍ തുടങ്ങിയവരെയാണ് അമീര്‍ ബായാര്‍ പാലസില്‍ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് അമീറിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമീറിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന രീതിയില്‍ വാര്‍ത്ത പരന്നതോടെ ലോക നേതാക്കളുള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ സുഖപ്രാപ്തിക്കായി സന്ദേശം അയച്ചിരുന്നു.

Top