പൊതുസ്ഥലങ്ങളിലെ പ്രവേശന നിയന്ത്രണം നടപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശന വിലക്ക് നടപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. രാജ്യത്ത് ഇന്നു മുതല്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പൊതുസ്ഥലങ്ങളില്‍ പ്രവേശന അനുമതിയുണ്ടാവുക. രാജ്യത്തെ പത്ത് പ്രധാന മാളുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി നിര്‍ദേശിച്ചതായി പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറജ് അല്‍ സൌബി പറഞ്ഞു.

മാളുകളുടെ എല്ലാ പ്രവേശന കവാടങ്ങളിലും ഒന്നോ രണ്ടോ പൊലീസുകാരെ വീതം നിയോഗിക്കും. ഓരോരുത്തരെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധനിച്ച ശേഷമായിരിക്കും കടത്തിവിടുക. മാളുകളുടെ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്ക് നേരെയുണ്ടാകാന്‍ സാധ്യതയുള്ള കൈയേറ്റ ശ്രമങ്ങള്‍ കൂടി കണക്കിലെടുത്താണ് പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കുന്നത്. ഇതിന് പുറമെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിരീക്ഷണവുമുണ്ടാകും.

രാജ്യത്തെ എല്ലാ ജനങ്ങളും ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ജനത്തിരക്ക് കുറഞ്ഞ മറ്റിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. വാക്‌സിനെടുക്കാത്ത ആരെങ്കിലും പ്രവേശിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചുപൂട്ടും.

അതേസമയം രാജ്യത്ത് പ്രാദേശികമായോ ഭാഗികമായോ വീണ്ടും ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അറിയിച്ചത്. ആവശ്യമെങ്കില്‍ ഏതെങ്കിലും പ്രദേശം മാത്രമായി ചെറിയ കാലയളവിലേക്ക് അടച്ചിടുകയും അവിടെയുള്ളവര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കിയ ശേഷം തുറക്കുകയും ചെയ്യും.

 

Top