കുവൈറ്റിലെ 60 കഴിഞ്ഞ പ്രവാസികളുടെ വിസ കാലാവധി നീട്ടിനല്‍കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി വിസ നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സി അഫയേഴ്സ് വിഭാഗം തീരുമാനിച്ചു. ഇവര്‍ക്ക് പ്രത്യേക ഫീസ് അടച്ച് വിസ പുതുക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി നടപ്പില്‍ വരാത്തതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നടപടി.

60 കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം കഴിഞ്ഞ ജനുവരിയില്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിയമം കര്‍ക്കശമായി നടപ്പിലാക്കിയിരുന്നില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിരോധനവും ഇതിന് കാരണമായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാണിത്.

2020 സെപ്തംബറിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്.

2021 ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഇതിനെതിരേ സ്വദേശികളില്‍ നിന്നു തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിക്കുകായിരുന്നു.

 

Top