കുവൈറ്റില്‍ രണ്ട് ദശലക്ഷം സൈബര്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്

കുവൈറ്റ്: കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ മാത്രം രണ്ട് ദശലക്ഷം സൈബര്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. 90 ബാങ്കിങ് സോഫ്റ്റ്‌വെയറുകളും നിരവധി വാട്‌സ്ആപ് അക്കൗണ്ടുകളും ഹാക് ചെയ്യപ്പെട്ടു. സൈബര്‍ സുരക്ഷാ രംഗത്തു പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ കമ്പനിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 2,24,916 സൈബര്‍ ആക്രമണങ്ങളാണ് കുവൈറ്റിനെതിരെ ഉണ്ടായത്. പൊതു സ്വകാര്യ മേഖലകള്‍ക്ക് പുറമെ സ്വദേശികളും വിദേശികളുമായ വ്യക്തികള്‍ നേരിട്ടത് കൂടി ചേര്‍ത്തുള്ള കണക്കാണിത്. വിവരങ്ങള്‍ ചോര്‍ത്തലും പ്രവര്‍ത്തനം തടസ്സപ്പെടുത്തലുമാണ് കൂടുതല്‍ ഉണ്ടായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം ഉണ്ടായെങ്കിലും തന്ത്രപരമായ സര്‍ക്കാര്‍ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. അബൂതര്‍ഹിം എന്ന ഹാക്കര്‍ ആണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നുഴഞ്ഞു കയറാന്‍ വിഫല ശ്രമം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നതൊഴിച്ചാല്‍ പ്രശ്‌നങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.

ബാങ്കിങ് സോഫ്റ്റ് വെയറുകള്‍ക്കെതിരെയും ആക്രമണ ശ്രമമുണ്ടായി. 90 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രോഡ് കാസ്റ്റ് മെസേജുകളിലൂടെ അയക്കുന്ന അപകടകരമായി ലിങ്ക് വഴിയാണ് വാട്‌സ് ആപ്പ് അക്കൗണ്ടുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്തും മത്സരങ്ങളും സമ്മാന പദ്ധതികളും വഴിയാണ് ആളുകളെ കെണിയില്‍ പെടുത്തുന്നത്. രാജ്യത്തിന് പുറത്തു നിന്നാണ് ഹാക്കിങ് ശ്രമങ്ങള്‍ ഉണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top