കുവൈറ്റില്‍ മുലക്കുപ്പിയില്‍ പാനീയങ്ങള്‍ നല്‍കിയ കഫേ അടച്ചുപൂട്ടി

കുവൈറ്റ് സിറ്റി: ഹോട്ടലുകളില്‍ നിന്നും ബേബി ബോട്ടിലില്‍ പാലോ മറ്റു പാനീയങ്ങളോ നിറച്ചുകൊടുക്കുന്ന രീതിക്കെതിരെ നടപടിയെടുത്ത് കുവൈറ്റ്. നേരത്തേ യുഎഇ, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള പാലോ കാപ്പിയോ മറ്റ് പാനീയങ്ങളോ നിറയ്ക്കാന്‍ ബേബി ബോട്ടില്‍ കഫേ ജീവനക്കാര്‍ക്ക് നല്‍കുന്ന രീതിയാണ് അധികൃതര്‍ വിലക്കിയത്. ഈ രീതിയില്‍ ബോട്ടില്‍ കൈമാറുന്നതിലൂടെ കൊവിഡ് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബേബി ബോട്ടിലില്‍ കാപ്പി നല്‍കിയ കഫേ കുവൈറ്റ് വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇത് അറബ് സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഫേ ഉടമയ്ക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്. ഒമാനിലെ ബുറൈമിയിലും സമാനമായ സംഭവത്തിന്റെ പേരില്‍ വ്യാപാര സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇങ്ങനെ ബോട്ടില്‍ കൈമാറുന്നത് നല്ല ആരോഗ്യ ശീലത്തിന് എതിരാണെന്നും കൊവിഡ് കാലത്ത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ദുബായിയും ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പാലോ മറ്റോ ആവശ്യമുള്ളവര്‍ ഡിസ്പോസബ്ള്‍ കപ്പില്‍ വാങ്ങുകയും അത് ബോട്ടിലില്‍ ഒഴിക്കുകയും ചെയ്യണമെന്നാണ് പകരം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 

Top