കുവൈത്ത് മന്ത്രിസഭ വീണ്ടും രാജിവച്ചു

കുവൈത്ത് സിറ്റി: പാര്‍ലമെന്റ് അംഗങ്ങളുമായി നിലനില്‍ക്കുന്ന ഭിന്നതയ്ക്കു പരിഹാരം കാണുന്നതിനായി കുവൈത്ത് മന്ത്രിസഭ ഇക്കൊല്ലം രണ്ടാമതും രാജിവച്ചു. എംപിമാര്‍ക്കു കൂടുതല്‍ എതിര്‍പ്പുള്ള മന്ത്രിമാരെ നീക്കി പുനഃസംഘടനയാണു ലക്ഷ്യം.

സമാന സാഹചര്യത്തില്‍ ജനുവരിയിലും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ മാര്‍ച്ചിലാണ് ഇപ്പോഴത്തെ മന്ത്രിസഭ നിലവില്‍ വന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലതും എംപിമാരുടെ എതിര്‍പ്പു മൂലം നടപ്പാക്കാനാകാതെ വന്നതോടെ, അമീറിന്റെ നിര്‍ദേശപ്രകാരം ഇരുവിഭാഗവും ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു രാജി.

5 നിയോജക മണ്ഡലങ്ങളില്‍ നിന്നു 10 പേര്‍ വീതം 50 പേരെയാണു കുവൈത്ത് പാര്‍ലമെന്റിലേക്കു വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇവരില്‍ നിന്നു ചുരുങ്ങിയത് ഒരാള്‍ മാത്രം മതി മന്ത്രിസഭയില്‍ എന്നാണു ചട്ടം. പ്രധാനമന്ത്രിയുള്‍പ്പെടെ മറ്റെല്ലാ മന്ത്രിമാരെയും പുറമേ നിന്നാണു നിയമിക്കുക.

കക്ഷി രാഷ്ട്രീയത്തിനു കുവൈത്തില്‍ അനുമതിയില്ലെങ്കിലും വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നുള്ള ഇടപെടലുകള്‍ ശക്തമാണ്. പാര്‍ലമെന്റിനകത്തും പുറത്തും ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനങ്ങളും സജീവമാണ്.

 

Top