കുവൈറ്റില്‍ 1.29 ദശലക്ഷം ബയോ മെട്രിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പാസ്‌പോര്‍ട്ട് പരിഷ്‌കരണം അവസാനഘട്ടത്തിലേക്ക് . ഇതുവരെ 1.29 ദശലക്ഷം ബയോ മെട്രിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തതായി ജനറല്‍ എമിഗ്രഷന്‍ വിഭാഗം ഉപമേധാവി കേണല്‍ ഖാലിദ് അല്‍ ബഹ്‌വ പറഞ്ഞു. നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഉള്ള പുതിയ ഇ- പാസ്‌പോര്‍ട്ടുകള്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ അസോസിയേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു

ഓര്‍ഡിനറി ഡിപ്ലോമാറ്റ് , സ്‌പെഷ്യല്‍ എന്നീ മൂന്നു കാറ്റഗറികളിലായാണ് പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുന്നത്. ഓര്‍ഡിനറി പാസ്‌പോര്‍ട്ടുകള്‍ ആഭ്യന്തര മന്ത്രാലയവും ഡിപ്ലോമാറ്റ്, സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയവുമാണ് വിതരണം ചെയ്യുന്നത് . ഏഴു ഗവര്‍ണറേറ്റുകളില്‍ പാസ്‌പോര്‍ട്ട് വിതരണത്തിനായി പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിച്ചിരുന്നു.

നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത എഴുപതോളം സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ബയോ മെട്രിക് പാസ്‌പോര്‍ട്ടുകള്‍ തയ്യാറാക്കിയതെന്ന് എമിഗ്രേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ യൂസഫ് അല്‍ സെനൈന്‍ പറഞ്ഞു . ഇതുകാരണം പാസ്‌പോര്‍ട്ടുകളില്‍ കൃത്രിമം കാണിക്കാനോ വ്യാജപാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കാനോ സാധിക്കില്ല . അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് എന്ന ബഹുമതി കുവൈറ്റിന് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ ഓര്‍ഡിനറി പാസ്‌പോര്‍ട്ടുകളുടെ നിയമ സാധുത ജൂണ്‍ മുപ്പതോടെ അവസാനിച്ചിരുന്നു.

Top