kuwait bans visa for 5 muslim majority nations including pakistan

കുവൈത്ത് സിറ്റി: പാകിസ്താനുള്‍പ്പെടെ അഞ്ചു മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് കുവൈത്ത് വീസ നിഷേധിച്ചു.

പാകിസ്താനെ കൂടാതെ സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏഴു മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നിഷേധിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമാന നടപടിയുമായി കുവൈത്തും രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അസ്ഥിരതയാണ് വിലക്കിന് കാരണമായി പറയുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ലെന്നും പാസ്‌പോര്‍ട്ടുമായി കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്നവരെ തിരിച്ചയക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അല്‍ഖ്വയദയും ഇസ്‌ലാമിക് സ്റ്റേറ്റും ഉള്‍പ്പെടയുള്ള ഭീകരസംഘടനകളുടെ സജീവ സാന്നിധ്യമാണ് പാക്, അഫ്ഗാന്‍, സിറിയന്‍, ഇറാഖി പൗരന്‍മാര്‍ക്ക് വീസ നിഷേധിക്കാന്‍ കാരണം. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ നില നില്‍ക്കുന്ന രൂക്ഷമായ ഭിന്നതകളാണ് ഇറാനില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിന് കാരണമായിരിക്കുന്നത്.

2011 മുതല്‍ സിറിയയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് വീസ അനുവദിച്ചിരുന്നില്ല, എന്നാല്‍ രാജ്യത്തുള്ള സിറിയന്‍ പൗരന്‍മാരെ അവിടെ തുടരാന്‍ കുവൈത്ത് അനുവദിച്ചിരുന്നു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇപ്പോഴത്തെ വീസ നിരോധനം. ഈ രാജ്യങ്ങള്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിച്ച് സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് നിരോധനം നീക്കുമെന്നാണ് കുവൈത്ത നല്‍കിയിരിക്കുന്ന വിശദീകരണം.

Top