കുവൈത്തില്‍ നിന്ന് വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് യാത്ര ചെയ്യാന്‍ വിലക്ക്

കുവൈത്ത് സിറ്റി: വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. അടുത്ത മാസം മുതല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും വാക്‌സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതി ലഭിക്കുക.

16 വയസിന് താഴെയുള്ള കുട്ടികള്‍, വാക്‌സിനെടുക്കാനാകാത്ത ആരോഗ്യ പ്രശ്‌നമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പുതിയ നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും. ഇതിന് പുറമെ കുവൈത്തിലേക്ക് വരുന്ന എല്ലാവരും വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണമെന്നും കൊവിഡ് രോഗലക്ഷണങ്ങളുണ്ടാവരുതെന്നും അറിയിച്ചിട്ടുണ്ട്.

കുവൈത്തിലെത്തുന്നവര്‍ ഏഴ് ദിവസമോ അല്ലെങ്കില്‍ രാജ്യത്ത് എത്തിയ ശേഷം നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതു വരെയോ ക്വാറന്റീനില്‍ കഴിയണം. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കുവൈത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗികമായ ചില ഇളവുകള്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.

 

Top