പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22 വരെ കുവൈത്ത് നീട്ടി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒരു മാസത്തേക്ക് മാത്രം പ്രഖ്യാപിച്ചിരുന്ന പൊതു മാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

നേരത്തെ ഫെബ്രുവരി 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. ഇത് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം ആഭ്യന്തര മന്ത്രിക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.

പലര്‍ക്കും ഒരു മാസമെന്ന ചുരുങ്ങിയ കാലാവധിക്കുള്ളില്‍തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യം വിടാനോ, ആവശ്യമായ താമസ രേഖകള്‍ പുതുക്കി രാജ്യത്ത് താങ്ങാനോ പറ്റിയിരുന്നില്ല. ഇത് മനസ്സിലാക്കി വിവിധരാജ്യങ്ങളുടെ എംബസികളും പൊതുമാപ്പ് കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മാസം 29 മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതുവരെയായി മുപ്പതിനായിരം പേര്‍ രാജ്യം വിട്ടതായാണു കണക്ക്. നിരവധി പേര്‍ തങ്ങളുടെ താമസ രേഖ പുതുക്കുകയും ചെയ്തിട്ടുണ്ട്.

Top