കുവൈറ്റ് എയര്‍പോര്‍ട്ട് ഒരു മാസത്തിനകം പൂര്‍ണമായി തുറക്കും

കുവൈറ്റ് സിറ്റി: മൂന്നര മാസത്തോളമായി ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവും രാജ്യത്തെ തുറമുഖങ്ങളും ഒരു മാസത്തിനകം പൂര്‍ണമായും തുറക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി കുവൈറ്റ് അധികൃതര്‍. അതിനാവശ്യമായ നിയന്ത്രണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൊറോണ എമര്‍ജന്‍സി സുപ്രിം കമ്മിറ്റിയുടെ ചെയര്‍മാനുമായ ശെയ്ഖ് ഹമദ് ജാബിര്‍ അല്‍ അലി അറിയിച്ചു.

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ച് ഘട്ടംഘട്ടമായി മാത്രമേ രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കി സാധാരണ നിലയിലേക്ക് തിരിച്ചുപോകാനാവൂ എന്നും അദ്ദേഹം അറിയിച്ചു.

വിമാനത്താവളവും തുറമുഖങ്ങളും പൂര്‍ണമായും തുറക്കാന്‍ തീരുമാനമെടുത്ത് കഴിഞ്ഞതായും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഒരു മാസം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top