കുറ്റ്യാടി വനത്തില്‍ നായാട്ടിന് പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട്: കുറ്റ്യാടി വനത്തിനില്‍ നായാട്ടിന് പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഇന്ദിരാ നഗര്‍ സ്വദേശി റഷീദാണ് മരിച്ചത്. സംഭവത്തില്‍ റഷീദിനൊപ്പം നായാട്ടിന് പോയ സുഹൃത്ത് ലിപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയും സുഹൃത്തുമായ ലിപിന്‍ മാത്യുവിനൊപ്പമാണ് റഷീദ് നായാട്ടിനായി കുറ്റ്യാടി പുള്ളിപ്പാറ വനത്തിലേക്ക് പോയത്. റഷീദ് കുഴിയില്‍ വീണെന്നും കയ്യില്‍ ഉണ്ടായിരുന്ന നാടന്‍ തോക്കില്‍ നിന്ന് വെടി പൊട്ടി മരണം സംഭവിച്ചെന്നുമാണ് ലിപിന്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴി.

എന്നാല്‍ ലിപിന്റെ തോക്കാണ് റഷീദിന്റെ കൈയില്‍ ഉണ്ടായിരുന്നത്. ഇതോടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ബഷീറിന്റെ കയ്യില്‍ ഉണ്ടായിരുന്ന ലിപിന്റെ തോക്ക് കളളത്തോക്കാണെന്ന് കണ്ടെത്തി. ഈ തോക്ക് ലിപിന്‍ സ്വന്തമായി ഉണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. വനം വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Top