കോട്ടൂരിലെ കുട്ടിയാനയുടെ മരണം അപൂര്‍വ്വ വൈറസ് ബാധിച്ച്

തിരുവനന്തപുരം: കോട്ടൂര്‍ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂര്‍വ്വ വൈറസ് ബാധയെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. ഹെര്‍പസ് എന്നാണ് ഈ അപൂര്‍വ്വ വൈറസിന്റെ പേര്. 10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും.

നാല് ദിവസം മുന്‍പാണ് കോട്ടൂര്‍ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. അധികൃതര്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ കോട്ടൂരിലെ കണ്ണന്‍ എന്ന ആനക്കുട്ടിക്കും ഇതേ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കള്‍ക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്ഒ അനില്‍ കുമാര്‍ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ശ്രീക്കുട്ടി തിങ്കളാഴ്ച രാവിലെയോടെ ചെരിയുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് തെന്മല വനമേഖലയില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ശ്രീക്കുട്ടിയെ ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിലെ പാറയിടുക്കില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കോട്ടൂരെത്തിച്ചത്.

 

Top