കുട്ടനാടിന്റെ സമഗ്രവികസനത്തിന് പ്രത്യേക പദ്ധതി കൊണ്ടുവരുമെന്ന് കൃഷിമന്ത്രി

ആലപ്പുഴ: കുട്ടനാടിന്റെ സമഗ്രവികസനത്തിനായി പ്രത്യേക പദ്ധതി കൊണ്ടു വരുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ജനവാസ മേഖലകളിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതിനായി വലിയ പമ്പുകള്‍ കൈനകരിയില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടനാട്ടില്‍ കൃഷി മന്ത്രിയുടെയും ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെയും സന്ദര്‍ശനം തുടരുകയാണ്.

പുഞ്ചകൃഷി കഴിഞ്ഞ തവണ ചെയ്തതിനേക്കാളും പതിനായിരം ഏക്കര്‍ കൂടുതല്‍ ഇപ്രാവശ്യം ചെയ്യും. കുട്ടനാടിന് പ്രത്യേകമായി പുതിയ പാക്കേജ് അനുവദിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടുതല്‍ പണം വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.

കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് കളയാത്തത് ഉടമസ്ഥരുടെ വൃത്തികേടെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചിരുന്നു. പാടശേഖരത്തിനു സമീപത്തെ പുറം ബണ്ടിനോട് ചേര്‍ന്നു കിടക്കുന്ന കുട്ടനാട്ടിലെ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പാടശേഖരത്തിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ ഉടമസ്ഥര്‍ തയ്യാറാകാത്തതാണ് ഇതിന് കാരണം.

Top