ദുരന്തമൊഴിയാതെ കുട്ടനാട്, രോഗങ്ങളും കുടി വെള്ള ക്ഷാമവും അതിരൂക്ഷം

ആലപ്പുഴ: മഹാപ്രളയത്തിന് ശേഷവും ദുരിത പൂര്‍ണ്ണമായ പ്രതിന്ധികളാണ് കുട്ടനാട്ടുകാര്‍ നേരിടുന്നത്. മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ സാധാണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കഴിഞ്ഞു. എന്നാല്‍ കൈനകരി, തിരുമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആളുകളില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്. പല സ്ഥലത്തും ക്യാംപുകള്‍ പിരിച്ച് വിടുകയാണ്. അതിനാല്‍ എങ്ങോട്ട് പോകുമെന്നറിയാതെ കടുത്ത ആശങ്കയിലാണ് ജനങ്ങള്‍.

പക്ഷി മൃഗാദികള്‍ ചത്ത് ചീഞ്ഞ് കിടക്കുന്നതും വെള്ളമിറങ്ങാത്തതും മൂലം വലിയ പകര്‍ച്ച വ്യാധി ഭീഷണിയിലാണ് കുട്ടനാട്. ക്യാമ്പുകളില്‍ നിന്നും വീട്ടിലേയ്ക്ക് പോകുന്ന ആളുകള്‍ക്ക് ആശുപത്രിയില്‍ എത്താനുള്ള ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നുണ്ട്. എലിപ്പനിയും മഞ്ഞപ്പിത്തവും വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. സെപ്റ്റി ടാങ്കുകള്‍ പൊട്ടിയൊഴുകുന്ന വെള്ളം നിരവധി കിണറുകളില്‍ നിറഞ്ഞിട്ടുണ്ട്. ഈ വെള്ളം തന്നെയാണ് പലരും ശുദ്ധീകരിച്ച് ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

KUTTANADU BOAT

ജില്ലയില്‍ 8 പേര്‍ക്കാണ് ഇതുവരെ എലിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. പ്രതിരോധ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സിപിഎം പ്രാദേശിക നേതാവാണ് മരിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാണെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നേരിട്ടാണ് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

വളരെ നല്ല രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടലില്‍ നടക്കുന്നത്. പക്ഷേ, കുടിവെള്ള പ്രശ്‌നമടക്കമുള്ള കാര്യങ്ങള്‍ മറുവശത്ത് ഗുരുതരമായി തുടുകയാണ്. പാടശേഖരത്തിന്റെ പുറം ബണ്ടില്‍ താമസിക്കുന്നവരുടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മോട്ടോര്‍ വെച്ച് വെള്ളം അടിച്ച് കളയുക എന്നതാണ് ആകെയുള്ള മാര്‍ഗ്ഗം. എന്നാല്‍ ഇവിടുത്തെ മോട്ടറുകളെല്ലാം വെള്ളത്തിനടിയിലാണ്. 6 മുതല്‍ 7 ദിവസം വരെയൊക്കെ മോട്ടര്‍ വെച്ച് ഇത്തരത്തില്‍ വെള്ളമടിച്ചാല്‍ മാത്രമേ രണ്ട് അടിയെങ്കിലും വെള്ളം കുറയൂ.

ISSAC KUTTANADU

കുടിവെള്ളം കിട്ടാനില്ല എന്നതാണ് വലിയ പ്രശ്‌നം. മലിന ജലം കുടിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ക്യാമ്പുകളില്‍ നിന്നും കൊണ്ട് പോകുന്ന വെള്ളം അപര്യാപ്തമാണ്. സന്നദ്ധ സംഘടനകള്‍ എത്തിക്കുന്ന വെള്ളം മാത്രമാണ് ഇവരുടെ ആശ്രയം.വൈദ്യുതിയും ഭക്ഷണവും ഇവര്‍ക്കില്ല. ശുചിമുറികളില്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നം. പൈപ്പുകള്‍ തകര്‍ന്നതിനാല്‍ ജലവിതരണം നടത്താന്‍ സാധ്യതയില്ല. ഇഴജന്തുക്കളാണ് മറ്റൊരു പ്രശ്‌നം.

വാഹനത്തില്‍ കുടിവെള്ളം എത്തിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. ആ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top