കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; സീറ്റ് വിഷയം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ല: ഉമ്മന്‍ചാണ്ടി

ummanchandi

കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ്, അതിനാല്‍ കുട്ടനാട് ഏറ്റെടുക്കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഘടക കക്ഷികളുടെ സീറ്റ് തിരിച്ചെടുക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടനാട്ടില്‍ പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനിച്ചാലും സംസ്ഥാനം സജ്ജമാണെന്നും ടിക്കാറാം പറഞ്ഞു.

തോമസ് ചാണ്ടി എംഎല്‍എയുടെ നിര്യാണത്തോടെയാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഈ വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പിന് കുട്ടനാട്ടില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

Top