കുട്ടനാട്ടിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ നടന്ന കൂട്ടത്തല്ല്; പരുക്കേറ്റവർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: കുട്ടനാട്ടിൽ സിപിഐഎം പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന സിപിഐഎം നേതാക്കൾക്കെതിരെയും കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ, എൽസി അംഗം ശരവണൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ ചികിത്സയിലായിരുന്ന ലോക്കൽ കമ്മറ്റി അംഗം ശരവണൻ ഡിസ്ചാർജ് വാങ്ങി ആശുപത്രിയിൽ നിന്ന് മുങ്ങി. അതേസമയം, അടികൊണ്ടവർക്കെതിരെ കേസെടുത്തതോടെ കുട്ടനാട്ടിലെ ഔദ്യോഗിക വിഭാഗം പൊലീസിന് താക്കീതുമായി എത്തി.

സംഭവത്തിൽ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിലായവർ സിപിഐഎം അനുഭാവികളാണെന്ന് പൊലീസ് അറിയിച്ചു. കിഷോർ, ലൈജു, സജി, ചന്ദ്രൻ, മനോജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, എന്നീ വകുപ്പുകൾ ചുമത്തി.

അക്രമം നടത്തിയവർ പാർട്ടി അനുഭാവികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് പരുക്കേറ്റവർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ അക്രമികൾ തങ്ങളെ പിന്തുടർന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനിൽ വച്ചാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവർ വെളിപ്പെടുത്തി.

Top