പ്രളയത്തോട് പൊരുതാന്‍ മഹാശുചീകരണ യജ്ഞം; കുട്ടനാടിനെ വീണ്ടെടുക്കാന്‍ അരലക്ഷം അണിനിരക്കും

കുട്ടനാട്: പ്രളയം വിഴുങ്ങിയ കുട്ടനാടിന്റെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ ഇന്ന് ആരംഭിക്കും. മഹാശുചീകരണ യജ്ഞത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്.

മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തില്‍ 60,000 പേരോളം പങ്കെടുക്കും. കേരളംകണ്ട ഏറ്റവും വലിയ പുനരധിവാസക്യാമ്പയിനാണിത്.

യജ്ഞത്തില്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ള 10,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. ക്യാമ്പില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുഴുവന്‍ പേരും പങ്കാളികളാകും.

ആഗസ്റ്റ് 31-ഓടെ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും വ്യക്തമാക്കി.

ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, ആശാരിമാര്‍ എന്നിങ്ങനെ വിവിധ സംഘങ്ങളായി കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലേക്ക് വിഘടിക്കും. എല്ലാവര്‍ക്കും പ്രതിരോധമരുന്നു നല്‍കും. വീടുകളില്‍നിന്ന് ശേഖരിക്കുന്ന ചെളി ഒരുകേന്ദ്രത്തില്‍ സംഭരിക്കും. വീട് ശുചീകരണത്തിന് ഹൈപ്രഷര്‍ പമ്ബുകള്‍ ലഭ്യമാക്കും. ഫിനോയില്‍ ഉപയോഗിച്ച് വീടുകള്‍ കഴുകണം. 40 ടണ്‍ നീറ്റുകക്ക സംഭരിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്ക് മുമ്പ് മടവീഴാത്ത മുഴുവന്‍ പാടശേഖരങ്ങളിലെയും വെള്ളം പമ്പ്് ചെയ്ത് വറ്റിക്കും.

കൈനകരി, പുളിങ്കുന്ന്, ചമ്പക്കുളം, കാവാലം, നെടുമുടി എന്നീ പഞ്ചായത്തുകളിലേക്ക് ബോട്ടുകളിലാകും ആളുകളെ എത്തിക്കുക. മറ്റ് പഞ്ചായത്തുകളിലേക്ക് ടോറസുകളിലും ആളുകളെ എത്തിക്കും. എന്നാല്‍ കൈനകരിയിലും പുളിങ്കുന്നിലും ഉള്‍പ്പെടെ ഭൂരിഭാഗം വീടുകളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

കണ്‍ട്രോള്‍റൂമില്‍ പ്രവര്‍ത്തിച്ച വൊളന്റിയര്‍മാരും മറ്റു ജില്ലകളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയോഗിക്കും.

ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ചേര്‍ന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്.

Top