കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; മുന്നണികള്‍ നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റും?

CPM,C. Karunakaran Pillai

ആലപ്പുഴ: കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയിരിക്കുകയാണ്. അതേസമയം തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമകരമായ വിഷയത്തില്‍ കുടുങ്ങിയിരിക്കുകയാണ് മുന്നണികള്‍. കൂട്ടത്തില്‍ സീറ്റ് പിടിക്കാനുള്ള നെട്ടോട്ടത്തിലുമാണ്.

നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയും മുന്നണികള്‍ക്കിടയില്‍ നടക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിലെ തമ്മിലടി കാരണം പാലാ സീറ്റ് നഷ്ടപ്പെട്ട ഉദാഹരണം ഇപ്പോഴും കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉള്ളുപൊള്ളിക്കുന്നതാണ് അതിനാല്‍ തന്നെ കുട്ടനാട്ടില്‍ ‘റിസ്‌ക്’ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. എന്‍സിപിയില്‍ നിന്ന് മാറ്റി ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനാണ് ഇടതുമുന്നണിയുടെ ആലോചന.

ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന കാര്യത്തില്‍ സജീവ ചര്‍ച്ചകള്‍ മുന്നണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കുകയാണ് മുന്നണികള്‍. ജോസഫ്- ജോസ് പക്ഷങ്ങള്‍ പ്രഖ്യാപനം വരും മുമ്പേ പോര് തുടങ്ങി. നിയമസഭാ രെഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അവസാനത്തെ ഉപതെരഞ്ഞെടുപ്പായതിനാല്‍ അട്ടിമറി വിജയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നത്.

വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും. ഒരുമിച്ച് പോകാനാകില്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കുന്ന കാര്യം ഇരുവിഭാഗങ്ങളെയും അറിയിക്കും. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താലും ജോസ് വിഭാഗത്തിന് നല്‍കുന്നതിനോട് കടുത്ത എതിര്‍പ്പാണ് പി.ജെ.ജോസഫിന്.

അതേസമയം ചാണ്ടിയുടെ പാര്‍ട്ടി കൂടിയായ എന്‍സിപിയും ഇപ്പോള്‍തലപൊക്കി തുടങ്ങിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളില്‍ തുടങ്ങി സംസ്ഥാന നേതാക്കള്‍ വരെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് പ്രധാന കക്ഷിയായ സിപിഎം ഏറ്റെടുക്കുന്നതിന് പകരം, ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാനാണ് ആലോചന. കുട്ടനാട്ടിലെ മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫാണ് ഇടതുനേതാക്കളുടെ മനസ്സില്‍. പക്ഷെ എന്‍സിപിക്ക് ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്. എന്‍സിപി സംസ്ഥാന നേതൃത്വം ഈ ആഴ്ച തന്നെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച ധാരണ എല്‍ഡിഎഫ് നേതാക്കളെ അറിയിക്കും.

Top