കുട്ടനാട്ടിലെ അങ്കത്തിന് തോമസ് ചാണ്ടിയുടെ സഹോദരനും; പേര് നിര്‍ദേശിച്ചത് മേരി ചാണ്ടി

തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. അതേസമയം മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ പ്രതിസന്ധി നേരിടുകയാണ്.

എന്നാല്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി, എന്‍.സി.പി നേതാക്കള്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ചു. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ മേരി ചാണ്ടി ചൂണ്ടികാട്ടി.

സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവമാണ്. മാത്രമല്ല തോമസ് ചാണ്ടിയുടെ വീട്ടുകാരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം എന്‍സിപിയില്‍ നടന്നിരുന്നു. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ചാണ്ടിയുടെ സഹോദരന്റെ പേര് അദ്ദേഹത്തിന്റെ ഭാര്യ നിര്‍ദേശിച്ചിരിക്കുന്നത്.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു തോമസ് ചാണ്ടി അന്തരിച്ചത്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന തോമസ് ചാണ്ടിക്ക് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതല്‍ മൂന്ന് തവണയാണ് കുട്ടനാട്ടില്‍ നിന്ന് എം.എല്‍.എ ആയത്.

Top