കുട്ടനാട് സീറ്റിനായി പിടിമുറുക്കി പി.ജെ ജോസഫ്-ജോസ്.കെ.മാണി വിഭാഗങ്ങള്‍

കോട്ടയം: പാലായ്ക്ക് പിന്നാലെ കുട്ടനാട് ഉപതെരഞ്ഞെടുപ്പിലും സീറ്റിനായി കേരള കോൺഗ്രസിലെ ജോസഫ്-ജോസ് വിഭാഗങ്ങളുടെ പരസ്യപ്പോര്. കുട്ടനാട് സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുമെന്ന് ജോസ് കെ.മാണി. പുനലൂര്‍ കോണ്‍ഗ്രസിന് വിട്ട് കൊടുത്ത് വാങ്ങിയതാണ് കുട്ടനാട് സീറ്റ്. അത് തങ്ങളുടെ അക്കൗണ്ടിലുള്ളതാണെന്നും അതിനാരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അത് യുഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

എന്നാല്‍ കുട്ടനാട് തങ്ങള്‍ മത്സരിച്ച സീറ്റാണെന്നും അതിലൊരു തര്‍ക്കമില്ലെന്നും പി.ജെ.ജോസഫ് പ്രതികരിച്ചു. ജോസ് കെ.മാണി ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞ്ക്കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി തങ്ങള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ടെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി. ജോസ് കെ.മാണി പറയുന്നതില്‍ യാതൊരു അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു

കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Top