കുട്ടനാട് എസി റോഡ് വെള്ളത്തില്‍; രക്ഷാപ്രവര്‍ത്തനം ടിപ്പറില്‍

ചങ്ങനാശേരി: സംസ്ഥാനത്ത് മഴ ശക്തമായതോടെ അപ്പര്‍ കുട്ടനാടും കുട്ടനാടും വെള്ളപ്പൊക്ക ഭീഷണിയില്‍. നിരവധി വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. വെള്ളപ്പൊക്ക മേഖലയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി ഏതാനും ടിപ്പര്‍, ടോറസ് ലോറികള്‍ എസി റോഡില്‍ ഓടിത്തുടങ്ങി.

മനയ്ക്കച്ചിറ മുതല്‍ മങ്കൊമ്പ് വരെയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍ റോഡില്‍ കനത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചങ്ങനാശേരി മുതല്‍ കിടങ്ങറ വരെ റോഡ് പൊലീസ് അടച്ചു കെട്ടി ഗതാഗതം നിരോധിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ടിപ്പര്‍ ടോറസ് ലോറികളില്‍ പൊലീസിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

ഇതോടെ ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും ചങ്ങനാശേരിയിലെ ക്യാമ്പുകളിലേക്കും മാറ്റിപ്പാര്‍പ്പിക്കാനാണ് നീക്കം. ആലപ്പുഴയില്‍ ഇതുവരെ 30 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 891 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

Top